ഇടുക്കി: ഒപ്പം താമസിച്ചിരുന്ന സുഹൃത്തുമായി വഴക്കിട്ട് രാത്രിയിൽ ഇറങ്ങിപ്പോയ 19 കാരിയെ ഏലത്തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിനി മുൽമുനി മുർമുവാണ് മരിച്ചത്. നെടുങ്കണ്ടം അന്യാർതൊളുവിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് സംഭവം നടന്നത്. മൺതിട്ടക്ക് സമീപം നിന്ന മരത്തിൽ ഷാൾ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. കാലുകൾ നിലച്ച് മുട്ടിയിരുന്നു.
മൂന്നു മാസം മുമ്പ് വണ്ടൻമേട്ടിലെ ഏലത്തോട്ടത്തിൽ മുൽമുനി മുർമു ജോലി ചെയ്തിരുന്നു. ഇവിടെ മറ്റൊരു അതിഥി തൊഴിലാളിയുമായി സൗഹൃദത്തിലാവുകയും ഇതിനെതിരെ സഹോദരൻ മുൽമുനിയുമായി വഴക്കിടകുയും ചെയ്തിരുന്നു. സഹോദരനോടുള്ള ദേഷ്യത്തിൽ മുൽമുനി ഒരു മാസം മുമ്പ് ജാർഖണ്ഡിലേക്ക് മടങ്ങി. കഴിഞ്ഞ ആഴ്ച്ചയാണ് മറ്റൊരു സുഹൃത്തിനൊപ്പം അന്യാർതൊളുവിൽ മടങ്ങിയെത്തിയത്. തുടർന്ന് ഇവർ ഒരുമിച്ചായിരുന്നു താമസം
ഇതിനിടെ കഴിഞ്ഞ രാത്രിയിൽ ഇരുവരും തമ്മിൽ ഫോൺവിളിയുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാകുകയും ഇതിനിടെ ഫോൺ വലിച്ചെറിഞ്ഞ ശേഷം മുൽമുനി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയുമായിരുന്നു. തുടർന്ന് വ്യാഴാഴ്ച്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് മുൽമുനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രിയിൽ അന്വേഷിച്ചിറങ്ങിയ തന്നെ മുൽമുനി കമ്പെടുത്ത് അടിച്ചോടിച്ചെന്നാണ് സുഹൃത്തിന്‍റെ മൊഴി. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത കമ്പംമെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:
Obituary
