താമരശ്ശേരി: കാട്ടിൽ നിന്നും നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന് താമരശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ട് കർഷകർക്ക് വനം വകുപ്പിൽ നിന്നും അനുമതി ലഭിച്ചു. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനാൽ അവയെ കൊല്ലുന്നതിന് കർഷകർക്ക് അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി.അബുറഹിമാനും കർഷക കൂട്ടായ്മ ഭാരവാഹികളും താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എം.കെ.രാജീവ് കുമാറുമായി ചർച്ച നടത്തിയിരുന്നു.ഇതിൻ്റെ തുടർ നടപടിയെന്നോണമാണ് അപേക്ഷ നൽകിയ പന്ത്രണ്ട് പേർക്ക് കാട്ടുപന്നികളെ കൊല്ലാൻ വനം വകുപ്പ് അനുമതി നൽകിയത്. അനുമതിപത്രം കർഷക കൂട്ടായ്മ ഭാരവാഹികളായ പി സി എ റഹീം, കെ.വി.സെബാസ്റ്റ്യൻ, രാജു ജോൺ, കെ.ടി.ബലരാമൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
Tags:
Local News
