Trending

കളിച്ചുകൊണ്ടിരുന്ന കുഞ്ഞിൻ്റെ തൊണ്ടയിൽ കല്ലുകുടുങ്ങി ചോര തുപ്പി കൊണ്ടിരുന്ന കുഞ്ഞിന് രക്ഷകനായത് യുവാവ്




കളിക്കുന്നതിനിടെ തൊണ്ടയിൽ കല്ല് കുടുങ്ങി അബോധാവസ്ഥയിലേക്ക് വീഴാൻ തുടങ്ങിയ കുഞ്ഞിനെ രക്ഷിച്ച് യുവാവ്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പ്രനൂപാണ് ഒരു വയസുകാരിയുടെ ജീവൻ രക്ഷിച്ചത്. ബത്തേരി അമ്പുകുത്തിയിലാണ് സംഭവം.

കഴിഞ്ഞ ദിവസം മുറ്റത്ത് കളിക്കുന്നതിനിടെയാണ് ഒരു വയസുകാരി ആയിഷ സെൻഹ കല്ല് വായിലിട്ടത്. കുട്ടിയുടെ ശബ്ദത്തിൽ വ്യത്യാസം വന്നത് കണ്ട മാതാവ് ഷഹാമത്ത് ഉടൻ തന്നെ കുട്ടിയെയും എടുത്ത് ഓടുകയായിരുന്നു. കയ്യിട്ട് കല്ലെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയുടെ ശബ്ദം നേർത്ത് വന്നതോടെ അലറി വിളിച്ച് റോഡിലേക്ക് ഓടിക്കയറിയ ഷഹാമത്ത് ആദ്യം വന്ന ഓട്ടോറിക്ഷ റോഡിന് നടുവിൽ കയറി നിന്ന് തടഞ്ഞു. ഓട്ടോ ഡ്രൈവർ ഇറങ്ങി വരുമ്പോഴേക്കും അതുവഴി ബൈക്കിലെത്തിയ ബീനാച്ചി പൂതിക്കാട് സ്വദേശി പ്രനൂപും വണ്ടി നിർത്തി ഓടിയെത്തി.

പ്രനൂപ് കുട്ടിയെ ഉടൻ എടുത്ത് ശാസ്ത്രീയമായ രീതിയിൽ കൈത്തണ്ടയിൽ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി. അപ്പോൾ രക്തത്തോടൊപ്പം കല്ലും പുറത്തേക്കു പോന്നു. കല്ല് കൂടുതൽ ഉള്ളിലേക്കിറങ്ങിയിരുന്നു. തുടർന്ന് കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ കണ്ണുകൾ അപ്പോഴേക്കും പുറത്തേക്ക് അൽപം തള്ളി വന്നിരുന്നു. കണ്ണിന് കൂടുതൽ ചികിത്സ ആവശ്യമായതിനാൽ ഇന്നു കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.

മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരനാണ് പ്രനൂപ്. ജീവൻ രക്ഷാ മാർഗങ്ങളിൽ ആശുപത്രിയിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നെന്ന് പ്രനൂപ് പറയുന്നു. പ്രനൂപിന്റെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചതെന്ന് ആശുപത്രി അധികൃതരും പറയുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post