ഇടുക്കി: വണ്ടൻമേട് ചേറ്റുകുഴിയിൽ ടിപ്പർ ലോറിയിടിച്ച് രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. ചേറ്റുകുഴി കാവില്‍ മനോജ് (40) ആണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ളതാണ് ടിപ്പോർ ലോറി. മനോജ് തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. ബുധനാഴ്ച്ച രാവിലെ ഒൻപതോടെ ചേറ്റുകുഴി എലൈറ്റ് പടിയിലെ സ്വകാര്യ വ്യക്തിയുടെ കട്ടക്കളത്തിലായിരുന്നു അപകടം.
അസം സ്വദേശികളായ ദുലാല്‍ ഹുസൈന്‍റെയും ഖദീജ ബീഗത്തിന്‍റെയും മകന്‍ മസൂദ് റബ്ബാരി ആണ് മരിച്ചത്. കട്ടക്കളത്തിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്നു കുടുംബം. രാവിലെ കട്ടക്കളത്തില്‍ ലോഡ് കയറ്റാനായെത്തിയ ടിപ്പര്‍ ലോഡ് കയറ്റിയ ശേഷം മുന്നോട്ടെടുക്കവെ കുട്ടി വാഹനത്തിന്‍റെ അടിയില്‍പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
എന്നാൽ പിന്നോട്ടെടുത്തപ്പോൾ കുട്ടി നിൽക്കുന്നത് കണ്ടില്ലെന്ന് ലോറി ഡ്രൈവർ പറയുന്നു. അപകട ശേഷം നിർത്താതെ പോയ ലോറി പിന്നീട് വണ്ടൻമേട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും മനോജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അപകടം നടന്ന സ്ഥലത്തു നിന്നും മറ്റൊരു ലോറിയിലാണ് കുട്ടിയുടെ അമ്മ ആശുപത്രിയിലേക്ക് പോയത്. സമീപത്തെ ആശുപത്രിയിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും വേണ്ട ചികിത്സ കിട്ടിയില്ലെന്നും ആരോപണവുമുണ്ട്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മനോജിനെതിരെ മനപൂര്‍വല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. വണ്ടിയും കസ്റ്റഡിയിലെടുത്തതായി വണ്ടന്‍മേട് സി.ഐ അറിയിച്ചു. അതേസമയം കേസ് അന്വേഷിക്കുന്ന വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനില്‍ ലോറി ഡ്രൈവറുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് വിവാദത്തിനു കാരണമായിട്ടുണ്ട്.
