കൊല്ലം: ബി.എ.എം.എസ് വിദ്യാർഥിനി വിസ്മയയുടെ മരണത്തിൽ ജയിലിലായ ഭർത്താവ് കിരൺകുമാറിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വ്യാഴാഴ്ച കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. തുടർന്ന് കൊല്ലം സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഓൺലൈനായി നടന്ന വാദം കേൾക്കലിൽ ബി.എ. ആളൂരിനെ അഭിഭാഷകനായി വേണ്ടെന്ന് കിരൺ കുമാർ നിലപാടെടുത്തതാണ് അപ്രതീക്ഷിത രംഗങ്ങൾക്ക് വഴിവെച്ചത്. പ്രതിയുടെ അഭിഭാഷകനായി പ്രതാപചന്ദ്രൻ ഹാജരാകുകയും ബി.എ. ആളൂരിനെ അഭിഭാഷക സ്ഥാനത്തുനിന്ന് പ്രതി ഒഴിവാക്കിയതായി കോടതിയെ അറിയിക്കുകയും ചെയ്തു.
ഇതുസംബന്ധിച്ച് ശാസ്താംകോട്ട കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിച്ച പ്രതിഭാഗം അഭിഭാഷകൻ പുതിയ വക്കാലത്ത് സമർപ്പിച്ചു. എന്നാൽ, ബി.എ. ആളൂരും കിരണിനുവേണ്ടി ഓൺലൈനിൽ ഹാജരായി. പ്രതി വേണ്ടെന്ന് പറഞ്ഞാലും താൻ പിന്മാറില്ലെന്ന് ആളൂർ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടർന്ന് ജില്ല സെഷൻസ് ജഡ്ജി ജയകുമാർ ജാമ്യാപേക്ഷ 31ന് വീണ്ടും പരിഗണിക്കുന്നതിലേക്ക് മാറ്റുകയായിരുന്നു.