പനജി• രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാന്റ്ര ജാവിയെ (24) വെള്ളിയാഴ്ച ഗോവയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റഷ്യൻ സ്വദേശിയായ അലക്സാന്റ്ര കുറച്ചു കാലമായി ഗോവയിലാണ് താമസം.
പ്രണയം തകർന്നതിനെ തുടർന്ന് നടി വിഷാദത്തിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. നടിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. 2019ൽ, ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫർക്കെതിരെ നടി ലൈംഗിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെയും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
