Trending

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ആഗസ്റ്റ് 26 ന് പ്രവർത്തനം ആരംഭിക്കും





കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥലത്ത് കെ.റ്റി.ഡി.എഫ്.സി നിര്‍മ്മിച്ച ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ആഗസ്റ്റ് 26-ന് ധാരണാപത്രം ഒപ്പുവച്ച് തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.  നാലു ലക്ഷത്തോളം (3,70,244) ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, 75 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം 2009-ല്‍ ആരംഭിച്ച് 2015-ല്‍ പൂര്‍ത്തിയായിരുന്നു. കരാറടിസ്ഥാനത്തില്‍ 30 വര്‍ഷത്തേയ്ക്ക് വാടകയ്ക്ക് നല്‍കാനുള്ള നടപടികള്‍ 2015-ല്‍ ആരംഭിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സി.യും കെ.റ്റി.ഡി.എഫ്.സി.യും കരാറുകാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാത്തതു കാരണം ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്, കരാര്‍ ഒപ്പുവച്ചു തുറന്നു പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞിരുന്നില്ല. 

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നിരന്തരമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 17.02.2021-ലെ മന്ത്രിസഭായോഗം അംഗീകരിച്ച വ്യവസ്ഥകള്‍ പ്രകാരം മടക്കി നല്‍കേണ്ടാത്ത 17 കോടി രൂപയും, പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും, മൂന്നു വര്‍ഷം കൂടുമ്പോള്‍ വാടക ഇനത്തില്‍ 10 ശതമാനം വീതം വര്‍ദ്ധനയും എന്ന ഉയര്‍ന്ന നിരക്കില്‍ ആലിഫ് ബില്‍ഡേഴ്‌സ് ആണ് 30 വര്‍ഷത്തേയ്ക്ക് കരാര്‍ എടുത്തിരിക്കുന്നത്. 30 വര്‍ഷം കൊണ്ട് ഏകദേശം 250 കോടിയില്‍പരം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്ന ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റി വ്യാപാര വാണിജ്യ മേഖലയുടെ വികസനത്തിന് കുതിപ്പേകും.

ടിക്കറ്റേതര വരുമാനത്തിലൂടെ കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം കുറയ്ക്കുകയും ബസ് ടെര്‍മിനലുകള്‍ ആധുനിക സംവിധാനത്തോടെ പരിഷ്‌ക്കരിച്ച് യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.

ആഗസ്റ്റ് 26-ന് വൈകുന്നേരം പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു താക്കോല്‍ കൈമാറി കെട്ടിടം തുറന്നു കൊടുക്കും. കെ.എസ്.ആര്‍.ടി.സി.യ്ക്ക് വേണ്ടി എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസും കെ.റ്റി.ഡി.എഫ്.സി.യ്ക്ക് വേണ്ടി ഡോ.ബി.അശോക് ഐ.എ.എസും ആലിഫ് ബില്‍ഡേഴ്‌സും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ച് കൈമാറും.

മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പ്രത്യേക സന്ദേശങ്ങള്‍ നല്‍കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, എം.കെ.രാഘവന്‍ എം.പി, മേയര്‍ ഡോ.ബീനാ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഡോ.നരസിംഗുഗരി റ്റി.എല്‍ റെഡ്ഡി ഐ.എ.എസ്, കൗണ്‍സിലര്‍ പി.ദിവാകരന്‍ എന്നിവര്‍ സംബന്ധിക്കും

T News

working in the field of advertising and printing

Post a Comment

Previous Post Next Post