Trending

22 പവൻ സ്വർണവും, പണവും കവര്‍ന്ന കേസ്; മോഷണ വിവരം പോലീസിനെ അറിയിച്ച ആൾ തന്നെ അറസ്റ്റിൽ, പ്രതി വീട്ടുകാരൻ്റെ ബന്ധുവായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ്.



റാന്നി: 22 പവനും പണവും കവര്‍ന്ന കേസില്‍ വീട്ടുടമസ്ഥന്റെ ബന്ധു അറസ്റ്റില്‍. ഞെട്ടിച്ച കവര്‍ച്ച കേസ് നാട്ടുകാരെയും പോലീസിനെയും അറിയിച്ച ബന്ധുവായ ചന്ദ്രമംഗലത്ത് ബിജു ആര്‍ പിള്ളയാണ് അറസ്റ്റിലായത്. പെരുനാട് മാമ്പാറ എരുവാറ്റുപുഴ ഗോകുല്‍ വീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടിലാണ് ഓഗസ്റ്റ് 11ന് മോഷണം നടന്നത്. പരമേശ്വരന്‍ പിള്ളയുടെ സഹോദരന്റെ മകനാണ് പ്രതി. സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ബിജു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇയാള്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.

ജനല്‍ ഇളക്കിമാറ്റിയാണ് പ്രതി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നത്. പരമേശ്വരന്‍ പിള്ള ആശുപത്രിയിലായതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. വീട്ടില്‍ എന്തോ ശബ്ദം കേട്ടെന്നും ചെന്നുനോക്കിയപ്പോള്‍ ജനല്‍ ഇളക്കിയ നിലയിലായിരുന്നെന്നും ബിജു പരമേശ്വരന്‍ പിള്ളയുടെ മകളെ ഫോണില്‍ അറിയിച്ചു. പിന്നീട് നാട്ടുകാരെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.

വീടിന്റെ മുന്‍ഭാഗത്തെ സിസിടിവിയില്‍ പെടാതെ മോഷണം നടത്തിയതിനെ സംബന്ധിച്ച പോലീസ് സംശയമാണ് ബന്ധുവായ ബിജുവിലേക്കെത്തിയത്. വീടിനെക്കുറിച്ച് അറിയുന്നയാള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് പോലീസ് ഉറപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post