മാനന്തവാടി: പ്രണയബന്ധത്തിന്റെ പേരില്‍ വയനാട്ടില്‍ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി. കോഴിക്കോട് നാദാപുരത്തുള്ള പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് തൊണ്ടര്‍നാട് സ്വദേശിയായ അജ്‌നാസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് 21 കാരനായ അജ്‌നാസിന് ക്രൂരമര്‍ദ്ദനമേറ്റത്.
മാനന്തവാടിയില്‍ പലചരക്ക് കടയില്‍ ജോലിചെയ്യുകയായിരുന്നു അജ്‌നാസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കാം എന്നുപറഞ്ഞ് അജ്‌നാസിനെ വിളിച്ചുവരുത്തുകയായിരുന്നു.
‘പത്ത് പതിനഞ്ച് ആളുകളുണ്ടായിരുന്നു അവിടെ. വെള്ളംനിറച്ച ഡ്രമ്മില്‍ തലമുക്കിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. ഇരുമ്പുകമ്പികൊണ്ട് മുഖത്തും തോളെല്ലിലും അടിച്ചു. പാന്റും ഷര്‍ട്ടും ഊരി നഗ്നനാക്കി വീഡിയോ എടുത്തു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ഉമ്മയെയും അനിയനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പുറത്തുപറയും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഡ്രില്ലര്‍ ഉപയോഗിച്ച് കാല് കുത്തിക്കീറി. എന്നിട്ട് അവിടെ ഇരുമ്പുകമ്പിവെച്ച് അടിച്ചു’, സംഭവത്തെക്കുറിച്ച് അജ്‌നാസ് പറയുന്നു.
താന്‍ അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടും മര്‍ദ്ദിച്ചെന്ന് അജ്‌നാസ് പറഞ്ഞു. ‘അവളുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അവളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അതിന് വീട്ടുകാര്‍ പിടിച്ച് അടിച്ചതാണെന്നും അവരെന്നെക്കൊണ്ട് കടലാസില്‍ എഴുതിപ്പിച്ചു’.
ഗുരുതരമായി പരിക്കേറ്റ അജ്‌നാസ് വയനാട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. സ്വന്തമായി നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ കഴിയാത്ത അവസ്ഥയിലാണ് യുവാവ്.
Tags:
Kerala News
