കൊല്ലം: കോവിഡ് ബാധിച്ച് 15 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. കൊട്ടാരക്കര ഓടനാവട്ടത്ത് തൃക്കണമംഗൽ എസ്.കെ.വി. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ഗൗതമിയാണ് (15) മരിച്ചത്. ഓടനാവട്ടം കട്ടയിൽ പത്മാഭവനിൽ പരേതനായ മഹേഷിന്‍റെയും സുലഭയുടെയും മകളാണ്.
ഗൗതമിയുടെ ഏക സഹോദരന്‍ ഗോകുല്‍ ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഓടനാവട്ടത്തെ എ കെ എസ് ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന എഫ് എൽ ടി സിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നു. പരിശോധനയ്ക്കായി വരി നിൽക്കുന്നതിനിടെയാണ് ഗൗതമി കുഴഞ്ഞു വീണത്.
ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഗൗതമിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു. വിദ്യാർഥിനിയുടെ മൃതദേഹം ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗൗതമിയുടെ അഛൻ മഹേഷ് രണ്ടു വർഷം മുമ്പ് തിരുവല്ലയ്ക്ക് അടുത്തുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടിരുന്നു.
Tags:
Obituary
