Trending

വെള്ളത്തിലേക്ക് മുങ്ങിയ കാറിൽ നിന്നും അഞ്ചു പേരെ രക്ഷപ്പെടുത്തി.




ഇടയാഴം (വൈക്കം): നിയന്ത്രണം വിട്ടു വെള്ളം നിറഞ്ഞ പാടത്തിൽ വീണു മുങ്ങിയ കാറിൽ നിന്ന് മൂന്നു വയസ്സുകാരിയുൾപ്പെടെ അഞ്ചു പേരെ നാട്ടുകാർ രക്ഷിച്ചു. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കൽ വീട്ടിൽ സുബിൻ മാത്യു (31), ഭാര്യ ആഷാ മോൾ ചെറിയാൻ (30), സുബിന്റെ മകൾ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാൻ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ലു പൊട്ടിച്ച് രക്ഷപ്പെടുത്തിയത്.

ഇന്നലെ വൈകിട്ട് 3ന് ഇടയാഴം–കല്ലറ റോഡിൽ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണു കാർ മറിഞ്ഞത്. റോഡിന്റെ ഇരുവശത്തും പാടമാണ്. പത്തടി ആഴമുള്ള പാടത്ത് 5 അടിയോളം വെള്ളമുണ്ട്. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാർ. വീതി കുറഞ്ഞ റോഡാണ്. സുബിനാണ് കാർ ഓടിച്ചത്. പിന്നിൽ വന്ന ടിപ്പർ ലോറിക്ക് ഓവർടേക്ക് ചെയ്യാനായി സുബിൻ കാർ വശത്തേക്ക് ഒതുക്കി.

റോഡരികിലെ സ്റ്റേ വയറിൽ ഇടിച്ച് നിയന്ത്രണം വിട്ട് പാടത്തേക്കു മറിഞ്ഞു. റോഡിൽ നിന്നു 30 മീറ്റർ അകലേക്ക് കാർ നീങ്ങി. അപകടം കണ്ട് ടിപ്പർ ലോറി നിർത്തി. പാടത്തു പെട്ടിയും പറയും സ്ഥാപിച്ചു കൊണ്ടിരുന്ന കല്ലറ തേക്കും കാലായിൽ ശ്രീകുമാർ, പെരുന്തുരുത്ത് കിഴക്കേ മുടക്കോടി ബേബി, പാടശേഖര സമിതി കൺവീനർ കോലാംപുറത്തു കരി ബാബു, ടിപ്പർ ലോറി ഡ്രൈവർ രാധാകൃഷ്ണൻ എന്നിവർ നീന്തിയെത്തി.

കാർ മുങ്ങാതെ രണ്ടു പേർ പിടിച്ചുനിർത്തി. മറ്റുള്ളവർ കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചുപൊട്ടിച്ച് യാത്രക്കാരെ പുറത്തിറക്കി. ഇടയാഴത്ത് പ്രാഥമിക ചികിത്സയ്ക്കു ശേഷം സുബിനും കുടുംബവും വീട്ടിലേക്ക് പോയി. ‘ശബ്ദം കേട്ടാണ് നോക്കിയത്. കാർ വെള്ളത്തിൽ മുങ്ങുന്നതു കണ്ടു. തൊട്ടടുത്ത് തോടാണ്. തോടിന്റെ അടുത്തേക്കു പോകാതെ പിടിച്ചുനിർത്തി. ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കാറിലുള്ളവർ നിലവിളിക്കുകയായിരുന്നു’’ – ബേബിയും ശ്രീകുമാറും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post