താമരശ്ശേരി :കൊടുവള്ളി മദ്രസ ബസാറിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്ത് കവർച്ച നടത്തുകയും, രക്ഷപ്പെടാതുള്ള ശ്രമം തടയുന്നതിനിടെ തൊഴിലാളിയെ ബൈക്കിൽ വലിച്ച് ഇഴക്കുകയും ചെയ്ത പ്രതികളെ പിടികൂടാത്തതിനെതിരെ നാളെ (വ്യാഴം) ഡി വൈ എഫ് ഐ മദ്രസ ബസാറിൽ ധർണ്ണ നടത്തും.
ജൂലായ് ഒൻപതിന് പുലർച്ചെയായിരുന്നു രണ്ട് സ്‌കൂട്ടറുകളിലായി അഞ്ചുപേര്‍ കൊടുവള്ളി മദ്രസാ ബസാറിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കവര്‍ച്ചക്കെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ രണ്ടുപേര്‍ ജാര്‍ഘണ്ഡ് സ്വദേശി നജ്മുല്‍ ശൈഖ് താമസിക്കുന്ന മുറിയുടെ കൊളുത്ത് തകര്‍ത്ത് അകത്ത് കടന്നു. ഈ സമയം ഒരു സ്‌കൂട്ടറില്‍ ഒരാളും മറ്റൊരു സ്‌കൂട്ടറില്‍ രണ്ട് പേരും റോഡില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുറിയിലെത്തിയവര്‍ കവര്‍ച്ച നടത്തുന്നതിനിടെ നജ്മുല്‍ ശൈഖ് അറിയുകയും മോഷ്ടാക്കളെ പ്രതിരോധിക്കുകയും ചെയ്തു. ഏറെ നേരത്തെ മല്‍പ്പിടുത്തത്തിനൊടുവില്‍ കവര്‍ച്ചാ സംഘം ഇറങ്ങി ഓടി.
കവര്‍ച്ചക്കാര്‍ രക്ഷപ്പെടുമ്പോള്‍ പിന്നാലെ ഓടി നജ്മുല്‍ ശൈഖ് സ്‌കൂട്ടറില്‍ പിടിച്ചു വലിച്ചെങ്കിലും അതി വേഗത്തില്‍ സ്‌കൂട്ടര്‍ മുന്നോട്ടെടുത്തു. ഇതോടെ നജ്മുല്‍ ശൈഖ് ദേശീയ പാതയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
നജ്മുല്‍ ശൈഖിനെ നാട്ടുകാർ ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല.
പ്രതികളുടെ സി സി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായിരുന്നു.പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്ന ദൃശ്യങ്ങൾ പോലീസ് പുറത്തു വിടാൻ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
പ്രതികളെ പിടികൂടുന്നതിൽ അലംഭാവം കാണിച്ചാൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നും, അതിൻ്റെ സൂചനയായാണ് നാളെത്തെ ധർണയെന്നും നേതാക്കൾ വ്യക്തമാക്കി.
