മലപ്പുറം: 18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാൻ വിടചൊല്ലി. സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ചികിത്സയിൽ ആയിരുന്ന മങ്കട വലമ്പൂരിലെ ഇമ്രാൻ മരിച്ചു. 6 മാസമായിരുന്നു പ്രായം. കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. വലിയ പെരുന്നാൾ ദിനം ആരിഫിനും കുടുംബത്തിനും മാത്രമല്ല നാടിനൊന്നാകെ വലിയ വേദന നൽകുന്ന ദിവസമായി.
പ്രാർത്ഥനകളും പ്രവർത്തനങ്ങളും ഫലപ്രാപ്തിയിൽ എത്തുന്നത് കാണാൻ കുഞ്ഞു ഇമ്രാൻ ഇനിയില്ല. ചൊവ്വാഴ്ച രാത്രി കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് ആ ഹൃദയം നിശ്ചലമായി. കഴിഞ്ഞ നാല് മാസമായി ഇവിടെ വെൻ്റിലേറ്ററിൽ ആയിരുന്നു ഇമ്രാൻ. ഖബറടക്കം പുലർച്ചെ വലമ്പൂരിൽ നടന്നു. 18 കോടി രൂപ ആയിരുന്നു സ്പൈനൽ മസ്കുലർ അട്രോഫി രോഗത്തിൻ്റെ മരുന്നിന് വേണ്ടിയിരുന്നത്. നാട് മുഴുവൻ ഇമ്രാനായി ഒന്നിച്ചതോടെ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതിനോടകം 16 കോടിയോളം രൂപ സമാഹരിക്കാൻ സാധിച്ചു. പക്ഷേ മരുന്ന് എത്തിക്കും മുൻപേ ഇമ്രാൻ ഓർമയായി. ഈ പണം ഇനി എന്ത് ചെയ്യണം എന്ന് ചികിത്സ സഹായ സമിതി ആലോചിച്ച് തീരുമാനിക്കും എന്ന് എംഎൽഎ മഞ്ഞളാംകുഴി അലി പറഞ്ഞു.
